ന്യൂഡൽഹി: കോൺഗ്രസ് വീണ്ടും പഠനമുറികളിലേക്കും പൊതുജന സേവനത്തിലേക്കും തിരിച്ചു പോകുന്നു. ജനാധിപത്യവും ഭരണഘടനയും വരെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ഒരു തിരിച്ചു പോക്കിന് തുടക്കമിട്ടത്. 4 വർഷമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ ലളിതമായും പ്രചാരണങ്ങൾ ഇല്ലാതെയും നടത്തി വരുന്ന കോൺഗ്രസ് പഠന - പ്രാവർത്തികപദ്ധതി സർവോദയ സങ്കൽപ് ശിവിർ കേരളത്തിലും വൻ വിജയമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച് നടത്തിയ ശിവിറുകൾ വൻ വിജയമായതോടെ ജില്ലകൾ കേന്ദ്രീകരിച്ചും ശിവിർ സംഘടിപ്പിച്ചു വരികയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരും വിവിധ സാമൂഹി പ്രവർത്തന സംഘടനകൾ സ്വയം നേതൃത്വം നൽകി നടത്തുന്നവരും പാർട്ടിയിൽ വ്യത്യസ്തമായ പുരോഗമന ചിന്ത പുലർത്തുന്നവരുമായ യുവജനങ്ങളാണ് ശിവിറുകളിൽ എത്തുന്നതിൽ ബഹുഭൂരിപക്ഷവും എന്നത് പാർട്ടിയെ ആവേശത്തിലാക്കുകയാണ്. രാഷ്ട്രീയം തൊഴിലല്ല, മറിച്ച് ജനാധിപത്യ ജീവിത ചര്യയാണെന്നും ഭരണഘടന അതിൻ്റെ വേദപുസ്തകമാണെന്നും പൗരാവകാശങ്ങൾ മനുഷ്യാവകാശങ്ങളാണെന്നും വ്യക്തമാക്കുന്ന പഠന - പ്രവർത്തന രീതിയാണ് സർവ്വോദയ.
"ലോകത്തേവർക്കും അഭിവൃത്തിയുണ്ടാക്കാൻ വേണ്ടി എന്ന അർത്ഥത്തിൽ മഹാത്മ ഗാന്ധിജി രൂപപ്പെടുത്തിയ ഒരു സർവോദയ പ്രസ്ഥാനത്തെ പുനരുജ്ജീവിച്ച് പ്രവർത്തന രംഗത്ത് എത്തിക്കുന്നതിൻ്റെ ആദ്യഘട്ടം വിജയിച്ചു കഴിഞ്ഞതിൻ്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ്. എല്ലാവർക്കും ഉന്നമനം എന്നാണ് സംസ്കൃതത്തിൽ സർവ്വോദയം എന്ന വാക്കിൻ്റെ അർത്ഥം. ജോൺ റസ്കിന്റെ അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിൽ 1908 -ൽ ഗാന്ധിജി രൂപം കൊടുത്ത ഒരു പദമാണ് സർവ്വോദയ (Sarvodaya) തന്റെ രാഷ്ട്രീയ തത്ത്വചിന്തയുടെ ലക്ഷ്യമായി സർവ്വോദയത്തെയാണു ഗാന്ധിജി കണ്ടത്. സ്വാതന്ത്ര്യാനന്തരം ഗാന്ധിയന്മാരായ വിനോബാ ഭാവെയെപ്പോലുള്ളവർ അക്രമരഹിതമാർഗ്ഗത്തിൽ ഉള്ള സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ഇത് ഉപയോഗിച്ചു. സ്വയം പര്യാപ്തതയും തുല്യതയും ഒക്കെ സർവ്വോദയത്തിന്റെ ലക്ഷ്യങ്ങളാണ്.
എഐസിസിയിലെ പ്രത്യേക ക്ഷണിതാവായ സച്ചിൻ റാവുവിനാണ് സർവ്വോദയയുടെ ചുമതല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് സച്ചിൻ റാവുവിനെ പ്രകടനപത്രിക കമ്മിറ്റിയിൽ അംഗമാക്കി രാഹുൽ ഗാന്ധി നിയമിച്ചിരുന്നു. അക്കാലത്താണ് സർവ്വോദയ എന്ന ആശയത്തെ രാഹുൽ ഗാന്ധി വീണ്ടും അവതരിപ്പിച്ചത്. യുവത്വവും ഉന്നത വിദ്യാഭ്യാസവുമുള്ള സച്ചിൻ റാവുവിനെ രാഹുൽ ഗാന്ധി സർവ്വോദയയുടെ ചുമതല നൽകി. പാർട്ടിയുടെ ആശയാദർശ പ്രവർത്തന ശൈലി രൂപപ്പെടുത്താനും തിരിച്ചു കൊണ്ടുവരുവാനും ജനകീയ ജനാധിപത്യത്തിൽ പരിശീലനം നൽകാനും ഉള്ള പ്രബല വിഭാഗമായി കഴിഞ്ഞ 5 വർഷം കൊണ്ട് സർവോദയയ്ക്ക് സാധിച്ചു. ജനകീയ പ്രവർത്തനമാണ് സർവ്വോദയയുടെ രീതി. സോഷ്യൽ മീഡിയകളോ ഇൻ്റർനെറ്റ് സൗകര്യങ്ങളോ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ഇല്ല. പാർട്ടി വേദികളിൽ പരസ്യ പ്രചാരണങ്ങളോ കാൻവാസിങ്ങോ റിക്രൂട്ട്മെൻ്റോ ഇല്ല. പഠന ക്ലാസ് നിശ്ചയിക്കുന്ന ദിവസം സംബന്ധിച്ച് ഒരു സാധാരണ അറിയിപ്പ് നൽകും. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. 50 പേരിൽ കൂടുതൽ പേരേ പങ്കെടുപ്പിക്കാൻ താൽപര്യമില്ല. 10 പേർ മാത്രമാണെങ്കിലും ക്ലാസും പരിശീലനവും നൽകും. ഇതാണ് രീതി. 5 വർഷം കൊണ്ട് ലക്ഷക്കണക്കിന് പ്രവർത്തകരുള്ള വിഭാഗമായി സർവ്വോദയമാറിക്കഴിഞ്ഞു. വിദ്വേഷത്തിൻ്റെ ചന്തയിൽ സ്നേഹത്തിൻ്റെ കട തുറക്കാൻ രാഹുൽ ഗാന്ധിയെ സഹായിച്ചതിൽ പ്രധാന പങ്ക് സർവ്വോദയ സങ്കൽപമാണ്. സർവ്വോദയ യെ ശക്തമാക്കി അടുത്ത തലമുറയെ ജനാധിപത്യത്തിൻ്റെ ബോധ്യമുള്ളവരാക്കുക എന്നതാണ് ലക്ഷ്യം. അടുത്ത നൂറ്റാണ്ടുകളിലേക്കുള്ള സുന്ദരവും വികസിതവും സമാധാനപരവും മനുഷ്യാവകാശ പരവുമായി മെച്ചപ്പെട്ട ഒരു മതേതര ജനാധിപത്യ ഇന്ത്യയാണ് ആദ്യ ലക്ഷ്യം. ഗാന്ധിജിയിലൂടെ ലോക രാഷ്ട്രീയ ക്രമത്തിൽ ഇന്ത്യ നേടിയെടുത്ത മഹത്തായ ആശയ അധീശത്വം പുനസ്ഥാപിക്കുകയാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഈ ലക്ഷ്യങ്ങൾ നേടാൻ ഉറപ്പുള്ള ആദർശങ്ങളോടെയുള്ള ഒരു കോൺഗ്രസിനെ പരിശീലിപ്പിക്കുകയാണ് സർവ്വോദയ ചെയ്യുന്നത്. പാർട്ടിയിലും ഭരണത്തിലും വിലപേശലും അധികാരവും പുലർത്തുന്നവരെ പടിക്ക് പുറത്ത് നിർത്തി, സമാധാനപരമായും ഉറച്ച നിലപാടുകളുമായി മുന്നേറുന്ന ഒരു നിരയെ കോൺഗ്രസിൽ വാർത്തെടുക്കുന്ന പ്രവൃത്തിയിൽ സർവ്വോദയ ഇതിനകം വിജയിച്ചു കഴിഞ്ഞു. കേരളത്തിൽ സർവോദയയുടെ ചുമതല അംശുലാൽ പൊന്നാറത്തിനാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി ഈ ജനുവരിയിൽ മാത്രം 100ൽ അധികം സങ്കൽപ് ശിവിർ നടക്കുന്നു എന്നത് കൂടി കണക്കിലെടുത്താൽ സർവ്വോദയ നടത്തുന്ന ജനാധിപത്യ പഠന പദ്ധതി എത്ര ബൃഹത്താണെന്ന് വ്യക്തമാകും. കേരളത്തിൽ കണ്ണൂർ ജില്ലയിലെ പാനൂരിൽ ഇപ്പോൾ ശിവിർ നടന്നു വരികയാണ്.
Gandhiji's Sarvodaya takes hold.